യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ്(യുപിഐ) ഇടപാടു വിവരങ്ങള്‍ ചോരുന്നുണ്ടെന്ന പരാതിയില്‍ സുപ്രീം കോടതി ആരോപണവിധേയമായ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് അയച്ചു.കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നാഷണല്‍ പേമെന്‍്സ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്കും ബഹുരാഷ്ട്ര കമ്പനികളായ ഗൂഗ്ള്‍, ഫേസ്ബുക്ക്, ആമസോണ്‍, വാട്ട്സ്ആപ്പ് എന്നിവയ്ക്കുമാണ് നോട്ടീസ് അയച്ചത്. സിപിഐ എംപി ബിനോയ് വിശ്വം നല്കിയ പരാതിയിലാണ് നടപടി.
പണമിടപാടുകള്‍ ഏറ്റവും എളുപ്പത്തിലാക്കാന്‍ നടപ്പിലാക്കിയ യുപിഐ സംവിധാനത്തില്‍ ഇടപാടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ട്. യുപിഐ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാകുന്ന ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ രാജ്യത്തിനകത്തു തന്നെയുള്ള സെര്‍വറില്‍ സൂക്ഷിക്കണമെന്ന 2018 ഏപ്രിലിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം ഈ കമ്പനികള്‍ പാലിക്കുന്നില്ലെന്നാണ് പരാതി.
വിവര ചോര്‍ച്ച ആരോപിച്ച് നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ അടുത്തിടെ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാല്‍ ചൈനീസ് ഇതര വന്‍കിട വിദേശ കമ്പനികള്‍ക്ക് സമൂഹത്തിന്റെ സുരക്ഷ പോലും കണക്കിലെടുക്കാതെ പ്രവര്‍ത്തനാനുമതി നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേസമയം, വ്യക്തികളുടെ വിവരം അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷ ലഭ്യമാക്കുന്ന പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ അടുത്ത ബഡ്ജറ്റ് സെഷനില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2019 ഡിസംബറില്‍ ബില്ലിന്റെ കരട് അംഗീകരിച്ചിരുന്നു. 15 കോടി രൂപ വരെ പിഴയും മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമായി മാറ്റാനാണ് ഒരുങ്ങുന്നത്