കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് നടത്തുന്ന വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ രണ്ടാം ലക്കം ഒക്ടോബര്‍ 31 ന് വെര്‍ച്വലായി നടക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിന് മുന്നോടിയായുള്ള ഹാക്കത്തോണ്‍, പിച്ചിംഗ്, മുതലായ വിവിധ സെഷനുകള്‍ 26 മുതല്‍ 31 വരെ വരെ സംഘടിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ടൈ കേരള, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ വനിതാ വിഭാഗമായ ഇന്ത്യന്‍ വുമണ്‍ നെറ്റ്വര്‍ക്ക് എന്നിവ ഈ ഉച്ചകോടിയില്‍ പങ്കാളികളായിരിക്കും. സ്ത്രീകളും സാങ്കേതികവിദ്യയും (വുമണ്‍ ആന്‍ഡ് ടെക്നോളജി) എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ https://startupmission.in/womensummit ല്‍ രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ 25 ആണ് അവസാന തിയതി.
സ്ത്രീകളുടെ ജീവിതത്തെ സാര്‍ത്ഥകമായി സ്വാധീനിച്ച സംരംഭങ്ങളെയും ഉത്പന്നങ്ങളെയും ഷീ ലവ്സ് ടെക് ഇന്ത്യ 2020 യിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ദേശീയ ഗ്രാന്റ് ചലഞ്ച് ഈ ഉച്ചകോടിയോട് അനുബന്ധമായി നടക്കും. ഷീ ലവ്സ് ടെക് ഇന്ത്യ 2020 വിജയി, മികച്ച ഇന്‍ക്ലുസീവ് ഇന്‍കുബേറ്റര്‍, മികച്ച ഇന്‍ക്ലുസീവ് സ്റ്റാര്‍ട്ടപ്പ്, മികച്ച ഇന്‍ക്ലൂസീവ് ഐഇഡിസി എന്നീ പുരസ്കരങ്ങളും ഉച്ചകോടിയോടനുബന്ധിച്ച് നല്‍കും.