ജെറ്റ് എയര്‍വേയ്സ് വീണ്ടും പറക്കാനൊരുങ്ങുന്നു. കല്‍റോക് കാപ്പിറ്റലും മുരാരി ലാല്‍ ജലാനും സമര്‍പ്പിച്ച പുനരുജ്ജീവന പദ്ധതിക്ക് ക്രെഡിറ്റര്‍മാരുടെ കമ്മിറ്റി അനുമതി നല്‍കിയതോടെയാണിത്. ഇ വോട്ടിംഗില്‍ കല്‍റോക് കണ്‍സോര്‍ഷ്യത്തിന്റെ പദ്ധതിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചതെന്നാണറിയുന്നത്.
പതിനെട്ട് മാസമായി പ്രവര്‍ത്തനം നിലച്ചുകിടക്കുകയായിരുന്നു ജറ്റ് എയര്‍വേയ്സ്. പതിനാറ് മാസമായി ഐ ബി സി (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കറപ്സി കോഡ്) നടപടിയിലുമാണ്.
യൂറോപ്യന്‍ സംരംഭകനായ ഫ്ളോറിയന്‍ ഫ്രിറ്റ്ച സ്ഥാപിച്ച കല്‍റോക് കാപ്പിറ്റല്‍ റിയല്‍ എസ്റ്റേറ്റ്, വെഞ്ച്വര്‍ കാപ്പിറ്റല്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുരാരി ലാല്‍ ജലാന്‍ റിയല്‍ എസ്റ്റേറ്റ്, മൈനിംഗ്, ട്രേഡിംഗ് തുടങ്ങി അനേകം രംഗങ്ങളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തിയാണ്. യുഎഇ, ഇന്ത്യ, റഷ്യ, ഉസ്ബക്കിസ്ഥാന് എന്നിവിടങ്ങളിലായാണ് മുരാരി ലാല്‍ ജലാന്റെ ബിസിനസ്. 2019 ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേയ്സിന്റെ വിമാനം അവസാനമായി പറന്നത്.