ജിഎസ്ടി വിഹിതം: മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കും


ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം നല്‍കുന്ന തുക മുഴുവനും ഒറ്റത്തവണയായി നല്‍കണമെന്ന ആവശ്യപ്പെട്ട് കേരളം കത്തയക്കും. കേരളത്തിന് നല്‍കുക 5700 കോടി രൂപയാണ്. ഘട്ടങ്ങളായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അതേസമയം, ജനുവരി വരെയുള്ള നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കാനുണ്ടാകുക 12000 കോടി രൂപയാണ്. ഇവ കൂടി അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രാലയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതുമെന്നാണ് വിവരം. സംസ്ഥാനത്തിന് ലഭിക്കാനുള്ള മുഴുവന്‍ തുകയും വേഗത്തില്‍ കൈമാറണമെന്ന് കത്തില്‍ ആവശ്യപ്പെടും.
അതേസമയം ഘട്ടം ഘട്ടമായി നല്‍കുമെന്ന് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചിപ്പിച്ചിരുന്നു. സംസ്ഥാനങ്ങല്‍ക്ക് നല്‍കാനുള്ള വിഹിതം വിതരണം ചെയ്യുന്നതിന് 1.10 ലക്ഷം കോടി രൂപ കേന്ദ്രം വായ്പ എടുക്കും. എന്നാല്‍ ഈ സംഖ്യ എല്ലാ സംസ്ഥാനങ്ങളുടെയും തുക മുഴുവന്‍ നല്‍കാന്‍ പര്യാപ്തമല്ല. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കണമെങ്കില്‍ ചുരുങ്ങിയത് 1.70 ലക്ഷം കോടി രൂപ വേണം. എന്നാല്‍ ഇത്രയും തുക കടമെടുക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.