ലുലുവില്‍ അബുദാബി വീണ്ടും നിക്ഷേപിച്ചു; ഇത്തവണ 7500 കോടി രൂപ


മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പില്‍ വീണ്ടും അബുദാബി നിക്ഷേപം. 7500 കോടി രൂപ(നൂറ് കോടി ഡോളര്‍)യാണ് ഇത്തവണത്തെ നിക്ഷേപം. അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എ.ഡി.ക്യു കമ്പനിയാണ് നിക്ഷേപം നടത്തുന്നത്. ഈജിപ്തില്‍ വ്യാപാരം കൂട്ടാനുള്ള പദ്ധതിക്കായാണ് ഈ നിക്ഷേപം. ഈജിപ്തില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകളും നൂറ് മിനി മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമായി ലുലു ആരംഭിക്കും. ഇത് രണ്ടാം തവണയാണ് എ.ഡി.ക്യു. ലുലുവില്‍ നിക്ഷേപിക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി
രൂപയായിരുന്നു നിക്ഷേപിച്ചത്.
ലുലുവും എ.ഡി.ക്യുവും തമ്മിലുള്ള പുതിയ നിക്ഷേപം സംബന്ധിച്ച കരാറില്‍ അബുദാബി കമ്പനി സി.ഇ.ഒ. മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒപ്പുവെച്ചു. ഈജിപ്തിലെ ആധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക് സെന്റര്‍ സ്ഥാപിക്കാനും ഇ കോമേര്‍സ്
വിപുലീകരണത്തിനും പദ്ധതിയുണ്ട്.
2018 ല്‍ സ്ഥാപിതമായ എഡിക്യൂ, അബുദാബി പോര്‍ട്‌സ്, അബുദാബി എയര്‍പോര്‍ട്ട്, ബോഴ്‌സ് ഓപ്പറേറ്റര്‍ എഡിഎക്‌സ് തുടങ്ങിയവ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ദുബായ് ആസ്ഥാനമായുള്ള കൊറിയര്‍ കമ്പനിയായ അരമെക്‌സില്‍ 22% ഓഹരി ഏറ്റെടുക്കുകയും ചെയ്തു.