ചരക്കു വിമാന സര്‍വ്വീസില്ല; കേരളത്തിലെ കാര്‍ഷിക മേഖലക്ക് തിരിച്ചടി


വിദേശചരക്ക് വിമാനങ്ങളുടെ സര്‍വ്വീസിന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കേരളത്തിലെ പച്ചക്കറി-കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി. കേരളത്തില്‍ ഒരു വിമാനത്താവളത്തിലും വിദേശ ചരക്ക് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതിയില്ല. ഇതോടെ കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി കയറ്റുമതി നാലില്‍ ഒന്നായി കുറഞ്ഞു. വിദേശ ചരക്ക് വിമാനങ്ങളുടെ സര്‍വീസ് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് മാത്രം ചുരുക്കിയതിന് പിന്നാലെയാണ് കയറ്റുമതി കുറഞ്ഞത്.
ഇപ്പോള്‍ യാത്രാ വിമാനങ്ങള്‍ക്ക് ചരക്ക് കയറ്റാന്‍ മാറ്റിവച്ച ഭാഗം ഉപയോഗിച്ചാണ് കയറ്റുമതി നടക്കുന്നത്. യാത്രാ വിമാനത്തില്‍ 15 ടണ്‍ മാത്രമേ കയറ്റി അയക്കാന്‍ പറ്റൂ. എന്നാല്‍ ചരക്കുവിമാനത്തിലാണെങ്കില്‍ ഇത് 50ടണ്‍ വരെ പോകും.
ഒക്ടോബര്‍ ഒന്ന് മുതലാണ് വ്യോമയാന മന്ത്രാലയം വിദേശ ചരക്ക് വിമാനങ്ങളുടെ വരവ് പരിമിതപ്പെടുത്തിയത്. നിലവില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് കാര്‍ഗോ വിമാനം ലാന്‍ഡ് ചെയ്യുകയുള്ളൂ. മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ദിവസത്തില്‍ 150 ടണ്‍ കയറ്റുമതി ചെയ്തിരുന്നു. ആഴ്ചയില്‍ ശരാശരി തിരുവനന്തപുരത്ത് നിന്ന് നാലും കൊച്ചിയില്‍ നിന്ന് 12ഉം ചരക്ക് വിമാനങ്ങളുമുണ്ടായിരുന്നു. ലോക്ക് ഡൈണ്‍ കാലത്ത് വിദേശ വിമാനങ്ങളടക്കം ഇന്ത്യയിലെത്തി ചരക്ക് എടുത്തിരുന്നു.