പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ മേഖലക്ക് വില്‍ക്കാന്‍ നീക്കം

പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാന്‍ ആലോചന. ഇതിന് വേണ്ടി ബാങ്കുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് പഞ്ചാബ്, സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് വില്‍ക്കുക എന്നാണറിയുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം എത്രയാണെന്ന് കണക്കാക്കി വരികയാണ്. കഴിഞ്ഞ ജൂലൈ മുതല്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഓഹരികളുണ്ടെങ്കില്‍ സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വകാര്യ മേഖലയിലെ പ്രമുഖരെ ബാങ്കുകളുടെ ഓഹരികള്‍ വാങ്ങുന്നതിന് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പൂര്‍ണമായും ഓഹരി വില്‍ക്കുന്നത്. ഇന്ത്യന്‍ കമ്പനി നിയമ പ്രകാരം സര്‍ക്കാരിന് 10 ശതമാനം ഓഹരി മാത്രമേയുള്ളൂ എങ്കിലും ബോര്‍ഡ് യോഗം വിളിക്കുന്നതിന് ആവശ്യപ്പെടാന്‍ അധികാരമുണ്ടാകും. സര്‍ക്കാരിന്റെ ഇടപെടലിന് ഇത് വഴിയൊരുക്കും.