സ്ഥിര നിക്ഷേപത്തില്‍ നിന്ന് പിന്‍മാറണ്ട; നേടാം 8.5 ശതമാനം പലിശ

സ്ഥിര നിക്ഷേപ (ഫിക്‌സഡ് ഡെപ്പോസിറ്റ്) ത്തിന് നല്‍കുന്ന പലിശ നിരക്ക് ദേശസാല്‍തൃത ബാങ്കുകള്‍ കുറച്ചത് നിക്ഷേപകര്‍ക്കൊരു തിരിച്ചടിയാണ്. പലരും സ്ഥിര നിക്ഷേപത്തെ ഒരു വരുമാന മാര്‍ഗമായിട്ടാണ് കാണുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപ പദ്ധതികളില്‍ ഇപ്പോള്‍ മനം മടുത്തവരും ഉണ്ട്. പലരും നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ബിസിനസ് തുടങ്ങി. ചിലര്‍ ഓഹരികളില്‍ നിക്ഷേപിച്ചു. എന്നാല്‍ അതൊന്നും ശാശ്വതമല്ലെന്ന അഭിപ്രായത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത് സുരക്ഷിതമാണോ എന്ന ആശങ്കയിലാണ് പലരും. എന്നാല്‍ ആശങ്കപ്പെടാതെ നിക്ഷേപിക്കാന്‍ സുരക്ഷിത വഴിയുണ്ട്. കേരളത്തിലെ ട്രഷറികളില്‍. മുതിര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഓരേ പലിശ നിരക്ക് തന്നയാണ്. 366 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം അണ് ഇവിടെ പലിശ നല്‍കുന്നത്.
181 ദിവസം മുതല്‍ 365 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം ആണ് പലിശ. 91 ദിവസം മുതല്‍ 180 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനവും 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനവും പലിശ ലഭിക്കും.
ഏത് ട്രഷറി ഓഫീസിലും നിക്ഷേപം തുടങ്ങാം. ഇതിനായി 100 രൂപ അടച്ച് ട്രഷറി സേവിങ്ങ്‌സ് അക്കൗണ്ടും ട്രഷറി എഫ് ഡി അക്കൗണ്ടും ആരംഭിക്കേണ്ടതുണ്ട്. നിക്ഷേപത്തിനുമേല്‍ ലഭിക്കുന്ന പലിശ ഓരോ മാസവും നിക്ഷേപകന്റെ സേവിങ്ങ്‌സ് അക്കൗണ്ടില്‍ എത്തും. ഇത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ബാങ്ക് അക്കൗണ്ടുമായി ട്രഷറി സേവിങ്ങ്‌സ് അക്കൗണ്ടിനെ ബന്ധിപ്പിച്ചാല്‍ ബാങ്കിന്റെ എടിഎം വഴി പണം പിന്‍വലിക്കാം. ഇടപാടുകള്‍ നടത്തുന്നതിനായി ട്രഷറി സേവിങ്ങ്‌സ് അക്കൗണ്ട് ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാണ്. നിക്ഷേപകന് വീട്ടിലിരുന്ന് ഇടപാടു നടത്താം. വരുമാന പരിധിക്കുമേലുള്ള പലിശക്കുമേല്‍ നികുതി ഈടാക്കും. എന്നാല്‍ ഇതാണ് ഏകവരുമാനമെങ്കില്‍ അത് കാണിച്ചുകൊണ്ട് പ്രത്യേകം ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ നികുതി ഈടാക്കില്ല. അക്കൗണ്ട് എടുക്കാന്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ വേണം.
ട്രഷറി തട്ടിപ്പ് പോലുള്ള പ്രശ്‌നത്തില്‍ പണം പോയാലോ എന്ന പേടി വേണ്ട. കാരണം നിക്ഷേപ തുകക്ക് സര്‍ക്കാറാണ് ഗ്യാരണ്ടി. നിക്ഷേപ തുക എപ്പോള്‍ ആവശ്യപ്പെട്ടാലും തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥനാണെന്ന് നിയമം അനുശാസിക്കുന്നു. പണം തട്ടിപ്പ് പോലുള്ള പ്രശ്‌നത്തില്‍ നഷ്ടപ്പെടുന്ന തുക അക്കൗണ്ടില്‍ സര്‍ക്കാര്‍ തിരിച്ചിടും.