കോവിഡ് കാലത്തും ചൈനയ്ക്ക്‌ വന്‍ മുന്നേറ്റം; ഓരോ ആഴ്ചയിലും അഞ്ച് പുതിയ ശതകോടീശ്വരന്മാര്‍

കോവിഡ് 19 മൂലം ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നുവെങ്കിലും ചൈനയ്ക്ക് വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. ഓരോ ആഴ്ചയിലും ശരാശരി അഞ്ച് ശതകോടീശ്വരന്മാര്‍ ചൈനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
അതേസമയം ചൈനയിലെ ഏറ്റവും സമ്പന്നനായി ജാക് മാ തുടരുകയാണ്. 58 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ചൈനയിലെ ഏറ്റവും ധനികരുടെ പട്ടികയിലേക്ക് ജാക്ക് മാ ഒന്നാമതെത്തിയത്.
ഐപിഒകളുടെ തരംഗവും ശക്തമായ സാങ്കേതിക വളര്‍ച്ചയും ചൈനയുടെ ശതകോടീശ്വരന്മാരെ അവരുടെ സമ്പാദ്യത്തിലേക്ക് 1.5 ട്രില്യണ്‍ ഡോളര്‍ ചേര്‍ക്കാന്‍ സഹായിക്കുകയും അവരുടെ മൊത്തം സമ്പാദ്യം 4 ട്രില്യണ്‍ ഡോളറിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് എക്കാലത്തെയും വേഗതയേറിയ വളര്‍ച്ചയാണ്.
കഴിഞ്ഞ വര്‍ഷത്തില്‍ ചൈന 257 പുതിയ ശതകോടീശ്വരന്മാരെ ചേര്‍ത്തു. ആഴ്ചയില്‍ ശരാശരി അഞ്ച് പുതിയ ശതകോടീശ്വരന്മാര്‍. ആകെ 878 ശതകോടീശ്വരന്മാര്‍ ചൈനയിലുണ്ടെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ രേഖപ്പെടുത്തിയ ശതകോടീശ്വരന്മാരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്. 788 പേരാണ് അമേരിക്കയില്‍ ശതകോടീശ്വരന്മാര്‍. ”ഒരു വര്‍ഷത്തിനുള്ളില്‍ ലോകം ഇത്രയധികം സമ്പത്ത് കണ്ടിട്ടില്ല,” ഹ്യൂറോണിന്റെ ചെയര്‍മാനും മുഖ്യ ഗവേഷകനുമായ റോബര്‍ട്ട് ഹോഗ്വെര്‍ഫ് പറഞ്ഞു.
വളര്‍ന്നുവരുന്ന ചൈനീസ് സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനികളുടെ വന്‍ മുന്നേറ്റം, സാങ്കേതിക മേഖലയിലെ വളര്‍ച്ച എന്നിവ രാജ്യത്തിന്റെ സമീപകാല സമ്പത്തിന്റെ കുതിച്ചുചാട്ടത്തിന് സഹായകമായി.
അലിബാബയുടെ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് മാ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചൈനീസ് ശതകോടീശ്വരന്‍ റാങ്കിംഗില്‍ ഒന്നാമതെത്തി, അദ്ദേഹത്തിന്റെ സമ്പത്ത് 59 ബില്യണ്‍ ഡോളറിലെത്തി.
ഫിന്‍ടെക് ഭീമനായ ആന്റ് ഗ്രൂപ്പിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് കാരണം അദ്ദേഹത്തിന്റെ സമ്പാദ്യം 45 ശതമാനം വര്‍ധിച്ചു.