ഉള്ളി ഇറക്കുമതി; മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി


ഡിസംബര്‍ 15 വരെ ഉള്ളി ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഉള്ളി വില ഉയരുന്ന സാഹചര്യം കണക്കിലെടുത്തും ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് ഈ നീക്കം. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാരോട് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി സുഗമമാക്കുന്നതിന് അവിടത്തെ വ്യാപാരികളുമായി ബന്ധപ്പെടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറയുന്നതനുസരിച്ച്, കഴിഞ്ഞ 10 ദിവസത്തിനിടെ കിലോയ്ക്ക് 11.56 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചില്ലറ വില കിലോയ്ക്ക് 51.95 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിലോയ്ക്ക് 46.33 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.13 ശതമാനം കൂടുതലാണ് ഇത്തവണത്തെ വില വര്‍ദ്ധനവ്.
അടുത്തിടെ ഉള്ളി വളരുന്ന പ്രധാന ജില്ലകളായ മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉണ്ടായ കനത്ത മഴ ഖാരിഫ് വിളകള്‍ക്കും സംഭരിച്ച സവാള, വിത്തുകള്‍ തുടങ്ങിയവയ്ക്കും കേടുപാടുകള്‍ വരുത്തി. കാലാവസ്ഥാ രംഗത്തെ ഈ സംഭവവികാസങ്ങള്‍ ഉള്ളി വില കുത്തനെ ഉയരാന്‍ കാരണമായി. 2020ലെ റാബി സീസണ്‍ മുതല്‍ സവാളയുടെ ബഫര്‍ സ്റ്റോക്ക് നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.