റിലയന്‍സിന്റെ പുതിയ ബ്രൗസര്‍ ജിയോ പേജസ് പുറത്തിറക്കി


റിലയന്‍സ് ജിയോ പുതിയ വെബ് ബ്രൗസര്‍ പുറത്തിറക്കി. ക്രോമിയം ബ്ലിങ്ക് എഞ്ചിന്‍ അടിസ്ഥാനമാക്കിയുള്ള ജിയോ പേജസ് ബ്രൗസറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ എട്ട് ഭാഷകള്‍ ബ്രൗസറില്‍ ലഭിക്കും. തിരഞ്ഞെടുക്കുന്ന ഭാഷകളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭാഷകള്‍ വേര്‍തിരിച്ച് കാണിക്കും. ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ,
ബംഗാളി ഭാഷകളാണ് ബ്രൗസറില്‍ ലഭിക്കുക. ബ്രൗസര്‍ സെറ്റിങ്‌സില്‍ നിന്ന് ആപ്പിന്റെ ഭാഷയും പ്രാദേശിക ഉള്ളടക്കങ്ങളും തിരഞ്ഞെടുക്കാം.
സ്മാര്‍ട് ഡൗണ്‍ലോഡ് മാനേജര്‍, ഇന്‍കൊഗ്‌നിറ്റോ ബ്രൗസിങ്, എന്‍ക്രിപ്റ്റഡ് കണക്ഷന്‍സ് ഉള്‍പ്പടെ നിരവധി സൗകര്യങ്ങള്‍ ജിയോ പേജസ് ബ്രൗസറിലുണ്ട്. നിലവില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ മാത്രമാണ് ജിയോ പേജസ് ബ്രൗസര്‍ ലഭ്യമാക്കിയിരിക്കുന്നത്. പിന്‍ ലോക്ക് ചെയ്ത ഇന്‍കൊഗ്‌നിറ്റോ മോഡ്, ഇന്‍ബില്‍റ്റ് ആഡ്‌ബ്ലോക്ക് പ്ലസ് എന്നിവയും ബ്രൗസറിലുണ്ട്.
ക്രോമിയം ബ്ലിങ്ക് എഞ്ചിന്‍ കൂടുതല്‍ വേഗത്തില്‍ പേജ് ലോഡ് ആകുന്നതിനും വെബ് പേജ് റെന്‍ഡറിങിനും മികച്ച രീതിയില്‍ മീഡിയ സ്ട്രീം ചെയ്യുന്നതിനുമെല്ലാം സഹായിക്കുമെന്ന് ജിയോ പറയുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഓപെര സോഫ്റ്റ് വെയര്‍, അഡോബി സിസ്റ്റംസ്, ഇന്റല്‍, ഐബിഎം, സാംസങ് എന്നിവയുമായി സഹകരിച്ചാണ് ജിയോ പേജസ് തയ്യാറാക്കിയിരിക്കുന്നത്. സമ്പൂര്‍ണമായി ഇന്ത്യയില്‍ രൂപകല്‍പന ചെയ്തതാണ് ജിയോ പേജസ് ബ്രൗസര്‍ എന്ന് കമ്പനി അവകാശപ്പെടുന്നു.