വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ 5ജി നെറ്റ് വര്‍ക്ക് എത്തിക്കുന്ന പദ്ധതിയുമായി നോക്കിയയും മുന്‍നിര ടെലികോം സേവനദാതാവായ വെറൈസണും രംഗത്ത്.
യൂറോപ്പിലും ഏഷ്യാ പസഫിക് മേഖലയിലുമുള്ള ആഗോള വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള അന്തര്‍ദേശീയ സ്വകാര്യ 5ജി പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്. ഇതിനായി ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയെ പങ്കാളിയാക്കുന്നതായി വെറൈസണ്‍ പ്രഖ്യാപിച്ചു.
പബ്ലിക് നെറ്റ് വര്‍ക്കിന്റെ സഹായമില്ലാതെ സ്വന്തം സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍സൈറ്റ് നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ അതിവേഗ വിവര കൈമാറ്റം സാധ്യമാക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.
മൈക്രോ ടവറുകളും ചെറിയ ബാറ്ററികളും ഉള്‍പ്പെടുന്ന ഉപകരണങ്ങളാണ് വ്യവസായ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ഇതിനായി സ്ഥാപിക്കുക. ഇത് കമ്പനികളുടെ ലോക്കല്‍ ഏരിയാ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കും. നോക്കിയയുടെ ഡിജിറ്റല്‍ ഓട്ടോമേഷന്‍ ക്ലൗഡ് ഇത് പ്രയോജനപ്പെടുത്തും. എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ക്കായി ഈ വെബ് ബേസ്ഡ് ഇന്റര്‍ഫെയ്സ് പ്രയോജനപ്പെടുത്താം.