അന്താരാഷ്ട്ര യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ ഇളവ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രക്കാര്‍ രാജ്യത്തേക്കു വരുന്നതിനും പുറത്തേക്കു പോകുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. ടൂറിസ്റ്റ് വിസയിലൂടെ അല്ലാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഒസിഐ, പിഐഒ കാര്‍ഡ് ഉടമകള്‍ക്കും മറ്റെല്ലാ വിദേശ പൗരന്മാര്‍ക്കും അംഗീകൃത വിമാനത്താവളങ്ങളിലൂടെയും തുറമുഖ, ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളിലൂടെയും പ്രവേശിക്കാന്‍ അനുമതി നല്‍കും.

വന്ദേ ഭാരത് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍, വ്യോമയാന മന്ത്രാലയം അനുവദിക്കുന്ന ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ യാത്രക്കാരും ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇളവ് പ്രകാരം, നിലവിലുള്ള എല്ലാ വിസകളും (ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെ) ഉടനടി പുനസ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അത്തരം വിസകളുടെ സാധുത കാലഹരണപ്പെട്ടെങ്കില്‍, ഉചിതമായ വിഭാഗങ്ങളുടെ പുതിയ വിസകള്‍ ബന്ധപ്പെട്ട ഇന്ത്യന്‍ മിഷന്‍ / പോസ്റ്റുകളില്‍ നിന്ന് ലഭിക്കും. വൈദ്യചികിത്സയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ മെഡിക്കല്‍ അറ്റന്‍ഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിക്കാം. ബിസിനസ്സ്, കോണ്‍ഫറന്‍സുകള്‍, തൊഴില്‍, പഠനം, ഗവേഷണം, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ഇതുവഴി സാധിക്കും.