നെറ്റ്ഫ്‌ളിക്‌സില്‍ ഇനി ഫ്രീയായി വീഡിയോകള്‍ കാണാം

നെറ്റ്ഫ്‌ളിക്‌സ് വീഡിയോകള്‍ സൗജന്യമായി കാണാന്‍ അവസരം. 48 മണിക്കൂര്‍ നേരത്തേക്കാണ് സൗജന്യമായി വീഡിയോകള്‍ ആസ്വദിക്കാന്‍ കഴിയുക. ഇതിന് രജിസ്‌ട്രേഷന്‍ വേണ്ട.പണവും അടക്കേണ്ട. സ്ട്രീംഫെസ്റ്റ് എന്ന പേരില്‍ പ്രൊമോഷണല്‍ ഓഫര്‍ എന്ന നിലയിലാണ് ഈ വാഗ്ദാനം. ഡിസംബര്‍ നാല് മുതലാണ് ഓഫര്‍ ലഭിക്കുക. ഡിസംബര്‍ നാലിന് ശേഷം എപ്പോള്‍ വേണമെങ്കിലും 48 മണിക്കൂര്‍ സൗജന്യസമയം ഉപയോഗപ്പെടുത്താം.
നേരത്തെ 30 ദിവസത്തെ ഫ്രീ ട്രയല്‍ എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് രജിസ്റ്റര്‍ ചെയ്ത് പേമെന്റ് വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഒരു മാസത്തെ സൗജന്യ സമയം കഴിഞ്ഞാല്‍ അടുത്ത മാസം തൊട്ട് നെറ്റ് ഫ്‌ളിക്‌സ് പണം ഇടാക്കും. എന്നാല്‍, ഒരുമാസം പൂര്‍ത്തിയാവുന്നതിന് മുമ്പ് സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കാനും അവസരം നല്‍കിയിരുന്നു.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് നടത്തുന്ന പരീക്ഷണങ്ങളില്‍ ഒന്നാണ് 48 മണിക്കൂര്‍ സൗജന്യം. 199 രൂപയിലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പ്ലാനുകള്‍ ആരംഭിക്കുന്നത്. 48 മണിക്കൂര്‍ നേരത്തെ സ്ട്രീം ഫെസ്റ്റ് ഓഫര്‍ ഇന്ത്യയില്‍ വിജയകരമായാല്‍ മറ്റ് വിപണികളിലേക്കും അത് അവതരിപ്പിക്കും. നേരത്തെ ഉണ്ടായിരുന്ന ഒരു മാസത്തെ സൗജന്യ ട്രയല്‍ ഓഫര്‍ നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിട്ടുണ്ട്.