ഇ-വെഹിക്കിള്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍; അനുയോജ്യ ഭൂമി ഉണ്ടെങ്കില്‍ ലാഭം നേടാം

ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍നിന്നും സര്‍ക്കാരില്‍നിന്നും അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇമൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡും (ഇ.ഇ.എസ്.എല്‍.) സംയുക്തമായാണ് സംസ്ഥാനത്ത് പലയിടത്തായി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്.
ഒരേസമയം കുറഞ്ഞത് മൂന്ന് വാഹനങ്ങളെങ്കിലും ഒരു മണിക്കൂര്‍കൊണ്ട് മുഴുവന്‍ ചാര്‍ജ്‌ചെയ്യുന്ന തരത്തിലാണ് പോയിന്റുകള്‍ ഒരുക്കുന്നതെന്ന് അനെര്‍ട്ട് അറിയിച്ചു. ഒരു ചാര്‍ജിങ് പോയിന്റ് ഒരുക്കുന്നതിന് 50 ചതുരശ്രമീറ്ററാണ് അനെര്‍ട്ട് ആവശ്യപ്പെടുന്നത്.
അനുയോജ്യമായ സ്ഥലവും 80 കിലോവാട്ട് ലോഡ് ലഭ്യമാക്കാനുള്ള സൗകര്യവും വേണം. ഇത് സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ മുഴുവന്‍ സംവിധാനവും സൗജന്യമായി അനെര്‍ട്ട് ഒരുക്കിനല്‍കും. 20 ലക്ഷത്തോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ ഒരു യൂണിറ്റിന് 75 പൈസ എന്ന നിരക്കില്‍ ഭൂമിയുടെ ഉടമയ്ക്ക് വാടകനല്‍കും. കെ.എസ്.ഇ.ബിക്ക് വൈദ്യുതിവാടകയും നല്‍കി മിച്ചമുള്ളത് അനെര്‍ട്ടിനും ഇ.ഇ.എസ്.എലിനുമാണ്.
എന്നാല്‍, സ്വകാര്യവ്യക്തികളുടെ ഭൂമിക്ക് സാങ്കേതികസഹായം മാത്രമാണ് ഒരുക്കുന്നത്. അനുയോജ്യമായ സ്ഥലമുള്ളവര്‍ക്ക് അനെര്‍ട്ടുമായി ബന്ധപ്പെട്ടാല്‍ ഇതുലഭ്യമാക്കും.ഇവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ചെലവുകഴിഞ്ഞാല്‍ ലാഭമെല്ലാം വ്യക്തികള്‍ക്കാണ്. ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ട തുക തീരുമാനിച്ചിട്ടില്ല. താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 04832730999, 9188119410, ഇമെയില്‍: [email protected]