ന്യൂഡല്‍ഹി: ഓഹരിവിപണിയിലെ ഉയര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യക്കാരും ചൈനക്കാരും കോവിഡ് കാലത്തും സാമ്പത്തികമായി നേട്ടമുണ്ടാക്കി. ക്രെഡിറ്റ് സ്വിസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കോവിഡ് വ്യാപനം ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയാണ് നല്‍കിയതെങ്കിലും ഇന്ത്യയുടെയും ചൈനയുടെയും സമ്പാദ്യം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ക്രെഡിറ്റ് സ്വിസ് തയാറാക്കിയ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് 2020 പ്രകാരം ഈ വര്‍ഷം ജൂണ്‍ വരെ ഒരു ലക്ഷം കോടി ഡോളര്‍ കൂടി കൂട്ടിച്ചേര്‍ത്ത് ആഗോള സമ്പത്ത് 399.2 ലക്ഷം കോടി ഡോളറായി.
ലോക രാഷ്ട്രങ്ങളില്‍ ചൈനയും ഇന്ത്യയും മാത്രമാണ് കലണ്ടര്‍ വര്‍ഷത്തെ ആദ്യ പകുതിയില്‍ സമ്പത്ത് സൃഷ്ടിച്ചിരിക്കുന്നത്. ചൈന 4.4 ശതമാനവും ഇന്ത്യ 1.6 ശതമാനവും. ലാറ്റിന്‍ അമേരിക്കയാണ് ഏറ്റവും പിന്നില്‍. 13 ശതമാനം ഇടിവാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ ആകെ കോടീശ്വരന്മാരുടെ എണ്ണം 51.9 ദശലക്ഷമായി തുടരുന്നു. എന്നാല്‍ 50 മില്യണ്‍ ഡോളറിലേറെ ആസ്തിയുള്ള അതിസമ്പന്നരില്‍ 120 പേരുടെ സമ്പത്തില്‍ കുറവുണ്ടായി. 175570 അതിസമ്പന്നരാണ് ലോകത്താകെയുള്ളത്.
ലോകത്തെ കോടീശ്വരന്മാരില് 39 ശതമാനവും അമേരിക്കയിലാണ്. ബ്ലൂംബെര്‍ഗ് പട്ടിക പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 73 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം സമ്പാദിച്ചത്. ഇതോടെ ആകെ സമ്പത്ത് 188 ബില്യണ്‍ ഡോളറായി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 27 ബില്യണ്‍ ഡോളര്‍ നേടി.
കോവിഡ് കാലത്ത് നേട്ടമുണ്ടാക്കിയ സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്മാന് എറിക് യുവാന്റെ ആസ്തി 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ലോകത്തെ 500 സമ്പന്നര്‍ ചേര്‍ന്ന് ഈ വര്‍ഷം സമ്പാദിച്ചത് 970 ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഓരോ ആഴ്ചയിലും ശരാശരി അഞ്ച് ശതകോടീശ്വരന്മാര് ചൈനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയിലെ ഏറ്റവും സമ്പന്നനായി ജാക് മാ തുടരുകയാണ്. 58 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ചൈനയിലെ ഏറ്റവും ധനികരുടെ പട്ടികയിലേക്ക് ജാക്ക് മാ ഒന്നാമതെത്തിയത്.
ഐപിഒകളുടെ തരംഗവും ശക്തമായ സാങ്കേതിക വളര്‍ച്ചയും ചൈനയുടെ ശതകോടീശ്വരന്മാരെ അവരുടെ സമ്പാദ്യത്തിലേക്ക് 1.5 ട്രില്യണ്‍ ഡോളര്‍ ചേര്‍ക്കാന്‍ സഹായിക്കുകയും അവരുടെ മൊത്തം സമ്പാദ്യം 4 ട്രില്യണ്‍ ഡോളറിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് എക്കാലത്തെയും വേഗതയേറിയ വളര്‍ച്ചയാണ്.
കഴിഞ്ഞ വര്‍ഷത്തില്‍ ചൈന 257 പുതിയ ശതകോടീശ്വരന്മാരെ ചേര്‍ത്തു. ആഴ്ചയില്‍ ശരാശരി അഞ്ച് പുതിയ ശതകോടീശ്വരന്മാര്. ആകെ 878 ശതകോടീശ്വരന്മാര് ചൈനയിലുണ്ടെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ രേഖപ്പെടുത്തിയ ശതകോടീശ്വരന്മാരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്. 788 പേരാണ് അമേരിക്കയില്‍ ശതകോടീശ്വരന്മാര്. ”ഒരു വര്‍ഷത്തിനുള്ളില്‍ ലോകം ഇത്രയധികം സമ്പത്ത് കണ്ടിട്ടില്ല,” ഹ്യൂറോണിന്റെ ചെയര്‍മാനും മുഖ്യ ഗവേഷകനുമായ റോബര്‍ട്ട് ഹോഗ്വെര്ഫ് പറഞ്ഞു.
വളര്‍ന്നുവരുന്ന ചൈനീസ് സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനികളുടെ വന്‍ മുന്നേറ്റം, സാങ്കേതിക മേഖലയിലെ വളര്‍ച്ച എന്നിവ രാജ്യത്തിന്റെ സമീപകാല സമ്പത്തിന്റെ കുതിച്ചുചാട്ടത്തിന് സഹായകമായി.
അലിബാബയുടെ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് മാ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചൈനീസ് ശതകോടീശ്വരന്‍ റാങ്കിംഗില്‍ ഒന്നാമതെത്തി, അദ്ദേഹത്തിന്റെ സമ്പത്ത് 59 ബില്യണ്‍ ഡോളറിലെത്തി.
ഫിന്‍ടെക് ഭീമനായ ആന്റ് ഗ്രൂപ്പിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് കാരണം അദ്ദേഹത്തിന്റെ സമ്പാദ്യം 45 ശതമാനം വര്‍ധിച്ചു.