ജയിലിലും ഇനി പെട്രോള്‍ ബങ്കുകള്‍; സംസ്ഥാന സര്‍ക്കാരിന് ലാഭം 3.5 കോടി

സംസ്ഥാനത്ത് രണ്ടു ജയിലുകളിൽ കൂടി പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. തിരുവനന്തപുരം വനിതാജയിലിലും എറണാകുളം ജില്ലാ ജയിലിലുമാണ് പുതുതായി പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു വനിതാജയിലിന്റെ പൂർണ്ണ ചുമതലയിൽ പെട്രോളിയം ഔട്ട്‌ലെറ്റ് തുടങ്ങുന്നതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു. വനിതാജയിലിലെ പത്തോളം അന്തേവാസികൾക്കും ജയിൽമോചിതരായവരിൽ കുറച്ചുപേർക്ക് പുനരധിവാസവും ഇതുവഴി ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് നിലവിൽ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലും ഇന്ത്യയിൽ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ പെട്രോൾ പമ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി ജയിൽവകുപ്പിന്റെ സ്ഥലം 30 വർഷത്തേക്ക് ഇന്ത്യൻ ഓയിൽകോർപ്പറേഷന് പാട്ടത്തിന് നൽകിയിരുന്നു. ഓരോ പമ്പിലും 15 ഓളം അന്തേവാസികൾക്ക് തൊഴിൽ നൽകിയിട്ടുണ്ട്. ഓരോ പമ്പിൽ നിന്നും പ്രതിവർഷം 3.50 കോടി വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്.