റബ്ബര്‍ വില കൂടി; കിലോ 150 രൂപ; കര്‍ഷകര്‍ക്ക് തിരിച്ചടിയായി മഴ


ഒരു വര്‍ഷത്തിനുശേഷം റബ്ബര്‍വില വീണ്ടും കിലോഗ്രാമിന് 150 രൂപയിലെത്തി. 2019 ജൂണിലാണ് ഇതിന് മുമ്പ് ഈ വില ലഭിച്ചത്. ആര്‍.എസ്.എസ്4 ഇനത്തിന് ഈ വില കിട്ടിയത് കര്‍ഷര്‍ക്ക് പക്ഷെ വലിയ ആശ്വാസം നല്‍കുന്നില്ല. കാലം തെറ്റിയ മഴ മൂലം കര്‍ഷകര്‍ക്ക് കാര്യമായ വിളവ് ഇത്തവണ കിട്ടിയിട്ടില്ല. കോവിഡ് കാലം റബര്‍കൃഷിയെയും മോശമായി ബാധിച്ചിരുന്നു.വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നതും അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ലാത്തതും വിളവെടുപ്പിനെ ബാധിച്ചിരുന്നു. വേനല്‍ക്കാലത്ത് റബ്ബര്‍ പാല്‍ കുറവായതിനാലും മഴക്കാലത്ത് പാല്‍സംഭരിക്കാന്‍ കഴിയാത്തതിനാലും ആ രണ്ടു സീസണിലും സാധാരണ റബ്ബര്‍ ടാപ്പിങ്ങ് നടത്താറില്ല. റബ്ബര്‍ പാല്‍ ഏറ്റവും നന്നായി കിട്ടുന്നത് തണുപ്പ് സമയമായ ഒക്ടോബര്‍- ജനുവരി കാലയളവിലാണ്. ഇത്തവണ മഴകാരണം ഇതുവരെ കാരമായ റബര്‍ടാപ്പിങ്ങ് പല സ്ഥലങ്ങളിലും നടന്നിട്ടില്ല. റബ്ബര്‍ ഉല്‍പാദനം കുറഞ്ഞ സമയങ്ങളിലാണ് കൂടുതല്‍ വില സര്‍ക്കാര്‍ പതിവായി പ്രഖ്യാപിക്കുന്നത്. ഇത് പൂഴ്ത്തിവെപ്പുകാര്‍ക്കും കച്ചവടക്കാര്‍ക്കും ഗുണം ചെയ്യുമെന്നല്ലാതെ കര്‍ഷകര്‍ക്ക് സഹായകമല്ല. ഈ മേഖലയിലെ തൊഴിലാളി ക്ഷാമവും വര്‍ദ്ധിച്ച കൂലിയും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
ബാങ്കോക്ക് വിപണിയില്‍ ഈ വാരമാദ്യംതന്നെ 156 രൂപ രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍മാത്രം 14 രൂപയുടെ വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കേരളത്തിലുമുണ്ടായതും.
ഒക്ടോബര്‍ 20ന് റബ്ബര്‍വില 140 രൂപയായിരുന്നു. മൂന്നുദിവസം കൊണ്ടാണ് 150ലെത്തിയത്. തായ്‌ലന്‍ഡിലും വിയറ്റ്‌നാമിലും കനത്തമഴ കാരണം ഉത്പാദനം കുറഞ്ഞതാണ് ഒരു കാരണം..
കോവിഡ് കാലത്തിന് ശേഷം ഇളവുകള്‍ വന്നതോടെ ചൈനയില്‍ ഓട്ടോമൊബൈല്‍ രംഗം കരുത്തുനേടുന്നതും ഉണര്‍വിന് കാരണമായി. അതേസമയം, ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ എത്രത്തോളം പ്രാദേശിക ചരക്ക് എടുക്കുമെന്നത് ഇനിയുള്ള ദിവസങ്ങളില്‍ പ്രധാനമാണ്. വിപണി അവര്‍ നിരീക്ഷിക്കുകയാണ്. ചില കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്ത റബ്ബര്‍ സ്റ്റോക്ക് ഉണ്ട്.
150 രൂപയെന്നത് സര്‍ക്കാര്‍ റബ്ബറിന് നിശ്ചയിച്ച അടിസ്ഥാനവിലയാണ്. ആശ്വാസപാക്കേജില്‍ കൃഷിക്കാര്‍ക്ക് പണം നല്‍കുന്നത് ഈ വിലയെ ആധാരമാക്കിയാണ്. അങ്ങാടി വില, 150
രൂപയില്‍ താഴെയെങ്കില്‍ ആ വ്യത്യാസമാണ് കൃഷിക്കാര്‍ക്ക് വിലസ്ഥിരതാഫണ്ടില്‍നിന്ന് അനുവദിക്കുന്നത്.