വായ്പയ്ക്ക് കൂട്ടുപലിശയില്ല; മൊറട്ടോറിയം ഇല്ലാത്തവര്‍ക്കും നേട്ടം


ന്യൂഡല്‍ഹി: രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മൊറട്ടോറിയം ഇല്ലാത്തവര്‍ക്കും ഇത് ബാധകമാകും. ഉത്സവ സീസണിനു മുന്നോടിയായാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ളവരുടെ പലിശ ഇളവ് ് നടപ്പാക്കാന്‍ സമയം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പ്രഖ്യാപനം.
സാധാരണക്കാരുടെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
നവംബര്‍ 2ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അന്ന് തീരുമാനം അറിയിക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്. കോവിഡ് മഹാമാരി കാരണം മാര്‍ച്ചിലാണ് ആര്‍ബിഐ വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം അനുവദിച്ചത്. അത് പിന്നീട് ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി.
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക. മൊറട്ടോറിയം പദ്ധതി പ്രയോജനപ്പെടുത്താത്തവരും വായ്പകള്‍ തിരിച്ചടയ്ക്കുന്നത് തുടരുന്നവര്‍ക്കും ഇതു ബാധകമാണ്.