റിയാദ്: സൗദി എയര്‍ലൈന്‍സ് കൊച്ചിയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. വിവിധ രാജ്യങ്ങളിലെ 33 ഇടങ്ങളിലേക്കാണ് നവംബറില്‍ സര്‍വിസ് പുനരാരംഭിക്കുന്നത്. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുണ്ടാവുക. സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വിവരം അറിയിച്ചത്.
കേരളത്തില്‍ കൊച്ചിയിലേക്കും തിരിച്ചും മാത്രമാണ് സര്‍വീസ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സര്‍വിസുണ്ടാവും. ആദ്യഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് 33 സ്ഥലങ്ങളിലേക്കും സര്‍വീസ്. തിരിച്ചും ജിദ്ദയിലേക്ക് മാത്രമായിരിക്കും സര്‍വീസ്.
ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയില്‍ ആറിടങ്ങളിലേക്കും സര്‍വീസ് നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വിസുണ്ട്. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സര്‍വിസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും യാത്ര അനുവദിക്കുക.