ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ഏറ്റെടുത്ത നടപടി സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്ബിട്രേഷന് സെന്റര്‍ തടഞ്ഞു. ഇകൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോം നല്കിയ പരാതിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ ഇടപാട് നിര്‍ത്തിവെക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനോട് ആര്ബിട്രേഷന് നിര്‍ദേശിക്കുകയായിരുന്നു.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്ലോജിസ്റ്റിക്സ് സംരംഭങ്ങള്‍ ഒന്നാകെ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള റിലയന്‍സ് റീട്ടെയിലിന്റെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായി.
ആര്ബിട്രേഷന് ജഡ്ജി വി.കെ. രാജയാണ് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. ആമസോണ്‍ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു.
ഫ്യൂച്ചര്‍ കൂപ്പണിന്റെ 49 ശതമാനം ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ആമസോണ്‍ ഏറ്റെടുത്തിരുന്നു. ഇതുവഴി ഫ്യൂച്ചര്‍ റീട്ടെയിലില്‍ അഞ്ച് ശതമാനം ഓഹരി ലഭിച്ചിരുന്നു. ഫ്യൂച്ചര്‍ സംരംഭങ്ങള്‍ വില്ക്കുമ്പോള് ആദ്യ അവകാശം ആമസോണിന് ലഭിക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ആമസോണ്‍ ആര്‍ബിട്രേഷനെ സമീപിച്ചത്.