മാലിന്യം കളയല്ലേ; കാറുണ്ടാക്കാം

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് വേണമെങ്കില്‍ കാറും ഉണ്ടാക്കാം. നെതര്‍ലന്‍ഡിലെ ഐന്‍ഡ്‌ഹോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നതാണിത്. വെറും വാക്കല്ല, തെളിയിച്ചു കഴിഞ്ഞു അവര്‍. പുതിയ കാറിന് പേരും ഇട്ടു ‘ലൂക്ക’. സ്‌പോട്ടിയായ കോമ്പാക്ട് കാറാണ് ഉണ്ടാക്കിയത്.
രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 90 കിലോമീറ്ററാണ് വേഗത. ഒറ്റത്തവണ ചാര്‍ജ്ജ് ചെയതാല്‍ 220 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. വിപണിയിലെ സമാന ഇ വികളേക്കാള്‍ 50 ശതമാനം ഭാരം കുറവാണ് ഈ വാഹനത്തിന്. ചകിരിയും കുതിര രോമവും ഉപയോഗിച്ചാണ് സീറ്റുകള്‍ നിര്‍മ്മിച്ചത്.
സീറ്റുകള്‍ പൊതിയാന്‍ റീസൈക്കിള്‍ ചെയ്ത പോളിയെത്തിലീന്‍ ടെറഫ്തലേറ്റ് ആണ് ഉപയോഗിച്ചത്. സമുദ്രങ്ങളില്‍ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക്മാലിന്യങ്ങളെ പ്രകൃതിദത്ത ഫ്‌ലാക്‌സ് ഫൈബറുകളുമായി സംയോജിപ്പിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് റോഡിലിറക്കുകയാണ് ഇവരുടെ ലക്ഷ്യം.