വിപണി തകര്‍ന്നു: സെന്‍സെക്‌സ് 540 പോയന്റ് നഷ്ടത്തില്‍ ;റിലയന്‍സ് ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ സൂചികകള്‍ തകര്‍ന്നിടിഞ്ഞു. കഴിഞ്ഞയാഴ്ചത്തെ നേട്ടം ഒരുദിവസംകൊണ്ട് നഷ്ടമായി. നിഫ്റ്റി 11,800 നിലവാരത്തിന് താഴെയെത്തി. ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്‌സ് 540 പോയന്റ് നഷ്ടത്തില്‍ 40,145.50ലും നിഫ്റ്റി 162.60 പോയന്റ് താഴ്ന്ന് 11,767.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 986 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1655 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികള്‍ക്ക് മാറ്റമില്ല.
ഫ്യൂച്ചര്‍ ഗ്രൂപ്പ് കരാറിനെതിരെ ആമസോണിന്റെ നീക്കം റിലയന്‍സിന്റെ ഓഹരിയെ ബാധിച്ചു. വിലയില്‍ രണ്ടുശതമാനത്തിലേറെ ഇടിവുണ്ടായി. ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു.
നെസ് ലെ, കൊട്ടക് മഹീന്ദ്ര, ഇന്‍ഡസിന്റ് ബാങ്ക്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. വാഹനം, ലോഹം സൂചികകള്‍ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി.