ഏതു ഭീഷണിയും നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിന് ഒപ്പം നില്ക്കും. ഡല്‍ഹിയില്‍ യുദ്ധസ്മാരകം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം. മൈക്ക് പോംപെയോ, യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് ടി. എസ്പര് എന്നിവര്‍ തിങ്കളാഴ്ചയാണ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത്. ഇന്ത്യ-അമേരിക്ക സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര് എന്നിവരും മൈക്ക് പോംപെയോയും മാര്‍ക് എസ്പെറും തമ്മിലാണ് ചര്‍ച്ചകള്‍ നടന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെയും നിയമസംവിധാനത്തിന്റെയും സുഹൃത്തല്ല. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരേ മാത്രമല്ല, എല്ലാവിധ ഭീഷണികള്‍ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ശക്തമായ സഹകരണം ഉറപ്പാക്കുമെന്നും പോംപിയോ വ്യക്തമാക്കി.