ഇന്‍ഡസിന്‍ഡ് ബാങ്കിനെ ഏറ്റെടുക്കാന്‍ കൊടക് മഹീന്ദ്ര

ഇന്‍ഡസിന്‍ഡ് ബാങ്കിനെ ഏറ്റെടുക്കാന്‍ കൊടക് മഹീന്ദ്ര ബാങ്കിന്റെ നീക്കം. ഉദയ് കൊടകും ഇന്‍ഡസിന്‍ഡ് ബാങ്ക് ഉടമകളായ ഹിന്ദുജ കുടുംബവും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നാണറിയുന്നത്. എന്നാല്‍ വിഷയത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കൊടക് മഹീന്ദ്ര ഗ്രൂപ്പ് വക്താവ് രോഹിത് റാവു പറഞ്ഞു.
ഇടപാട് നടന്നാല്‍ റീട്ടെയില്‍ വായ്പാമേഖലയില്‍ കൊടകിന് സാന്നിധ്യം വര്‍ധിപ്പിക്കാനാകും. കൊടക് മഹീന്ദ്ര ബാങ്കിന്റെ വിപണിമൂല്യം 2.80 ലക്ഷം കോടി രൂപയാണ്. ഇന്‍ഡസിന്‍ഡ് ബാങ്കിന്റേത് 50,000 കോടി രൂപയും. ആസ്തിഗുണം കുറഞ്ഞതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ വിപണിമൂല്യത്തില്‍ 60 ശതമാനത്തിലധികം ഇടിവുണ്ടായിരുന്നു.