ടെസ്‌ലയെ ക്ഷണിച്ച് മഹാരാഷ്ട്ര


മഹാരാഷ്ട്രയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അമേരിക്കന്‍ ഇലക്ട്രിക് വാഹനനിര്‍മതാക്കളായ ടെസ്‌ലയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
മഹാരാഷ്ട്ര ടൂറിസം മന്ത്രിയായ ആദിത്യ താക്കറെയും വ്യവസായ മന്ത്രി സുഭാഷ് ദേശായിയുമാണ് ടെസ്‌ല അധികൃതരുമായി ചര്‍ച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ചര്‍ച്ചകള്‍ നടന്നതെന്നും ആദിത്യ താക്കറെ ട്വിറ്ററില്‍ അറിയിച്ചു.
2021ഓടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടെസ്‌ല മുമ്പ് അറിയിച്ചിട്ടുണ്ട്. മുമ്പ് കര്‍ണാടകയിലേക്കും ടെസ്‌ലയെ ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ ഐ.ടി നഗരമായ ബെംഗളൂരു ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ നഗരമാണെന്നായിരുന്നു കര്‍ണാടകയുടെ വാദം. എന്നാല്‍, പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ടെസ്‌ല വെളിപ്പെടുത്തിയിട്ടില്ല. വാഹനം ഇറക്കുമതി ചെയ്ത്
ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം സി.ഇ.ഒ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യക്ക് ടെസ്ല വേണമെന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച ഒരു ചിത്രം ട്വിറ്ററില്‍ വൈറലായതിനെ തുടര്‍ന്നാണ് 2021ല്‍ ടെസ്‌ല ഇന്ത്യയില്‍ എത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയത്. ടെസ്ല കഴിഞ്ഞ വര്‍ഷം ചൈനയില്‍ പ്ലാന്റ് തുറന്നിരുന്നു. പ്രധാനമായും മോഡല്‍3 കാറിന്റെ നിര്‍മാണമാണ് ഈ പ്ലാന്റില്‍ നടക്കുന്നത്.