നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 377 പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 11,850ന് മുകളിലെത്തി

കഴിഞ്ഞ ദിവസത്തെ നഷ്ടം ബാങ്ക്, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ ഓഹരി വിപണി തിരിച്ചു പിടിച്ചു. ഐടി, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി.
നിഫ്റ്റി 11,850ന് മുകളിലെത്തി. സെന്‍സെക്‌സ് 376.60 പോയന്റ് നേട്ടത്തില്‍ 40,522.10ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 121.60 പോയന്റ് ഉയര്‍ന്ന് 11,889.40ലായി.
ബിഎസ്ഇയിലെ 1249 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1354 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികള്‍ക്ക് മാറ്റമില്ല.
കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ പ്രധാനമായും നേട്ടമുണ്ടാക്കി. ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, വിപ്രോ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.