യെസ് ബാങ്ക് ശാഖകള്‍ പൂട്ടുന്നു


ചെലവ് ചുരുക്കലിന്റെ ഭാഗമായി 50 ശാഖകള്‍ യെസ് ബാങ്ക് അടച്ചുപൂട്ടുന്നു. പുതിയ ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് കുമാറാണ് ഇത് വ്യക്തമാക്കിയത്. ഇത് 2021 സാമ്പത്തിക വര്‍ഷത്തെ മൊത്തത്തിലുള്ള നെറ്റ്‌വര്‍ക്ക് കുറയ്ക്കും. മാര്‍ച്ചിലാണ് പ്രശാന്ത് കുമാര്‍ ബാങ്കിംഗ് ബിസിനസ്സിന്റെ ചുമതല ഏറ്റെടുത്തത്. സെപ്റ്റംബര്‍ പാദത്തില്‍ പ്രവര്‍ത്തനച്ചെലവില്‍ 21 ശതമാനം കുറവുണ്ടായതായി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു.
കോര്‍പ്പറേറ്റ് ഓഫീസുകളുള്ള സെന്‍ട്രല്‍ മുംബൈയിലെ ഇന്ത്യാ ബുള്‍സ് ഫിനാന്‍സ് സെന്ററില്‍ ബാങ്ക് രണ്ട് നിലകള്‍ ഇതിനകം ഒഴിവാക്കി. കൂടാതെ, 1,100 ശാഖകളുടെ വാടക കരാറുകളില്‍ പുനരാലോചന നടത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്. ബാങ്കിന്റെ പ്രധാന ചെലവുകളിലൊന്നായ വാടക കുറയ്ക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അടുത്തുള്ള ശാഖകളെ ലയിപ്പിക്കാനാണ് ബാങ്കിന്റെ പദ്ധതി.
ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ (എടിഎം) ശൃംഖലയും കുറയ്ക്കും. ബ്രാഞ്ചുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഡിജിറ്റല്‍ ഓഫറുകളെ പ്രയോജനപ്പെടുത്താനാണ് ബാങ്ക് ഉദ്ദേശിക്കുന്നതെന്നും കുമാര്‍ പറഞ്ഞു.
സെപ്റ്റംബര്‍ പാദത്തില്‍ യെസ് ബാങ്ക് 35 ഗ്രാമീണ ശാഖകളെ ബിസിനസ് കറസ്‌പോണ്ടന്റ് ലൊക്കേഷനുകളാക്കി മാറ്റി. അത്തരം നീക്കങ്ങളിലൂടെ പ്രതിമാസം പ്രവര്‍ത്തനച്ചെലവ് രണ്ട് ലക്ഷം രൂപയില്‍ നിന്ന് പ്രതിമാസം 35,000 രൂപയായി കുറയുന്നു.