ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇനി ഹീറോ വഴി ഇന്ത്യയില്‍

യു എസ് ഇരുചക്ര വാഹന കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ വില്‍പ്പനയും സര്‍വീസും നിര്‍വഹിക്കാന്‍ ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡുമായി കരാറായി. പവന്‍ മുഞ്ജലിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള കമ്പനി വരും വര്‍ഷങ്ങളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന പ്രീമിയം മോട്ടോര്‍ സൈക്കിളുകളും വികസിപ്പിക്കും. 

ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇന്ത്യയിലെ നിര്‍മാണം നിര്‍ത്തലാക്കുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലും ചൈനയിലും പ്രാദേശിക പങ്കാളിത്തവും പ്രവര്‍ത്തനങ്ങളും കുറഞ്ഞ ചെലവില്‍ വികസനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പ്രാദേശിക കമ്പോളത്തില്‍ കുറഞ്ഞ ചെലവില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ നടപടി. 

വിതരണ കരാര്‍ പ്രകാരം ഹീറോ മോട്ടോ കോര്‍പ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില്‍പ്പനയും സര്‍വീസുകളും നിര്‍വഹിക്കുകയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിതരണം ഹാര്‍ലി ഡേവിഡ്‌സണിന്റെ എക്‌സ്‌ക്ലൂസീവ് ഡീലര്‍മാര്‍ക്കു പുറമേ ഹീറോ ഡീലര്‍മാര്‍ വഴിയും നിര്‍വഹിക്കുമെന്ന് കമ്പനി അറിയിച്ചു. 

ലൈസന്‍സിംഗ് കരാര്‍ പ്രകാരം ഹീറോ മോട്ടോകോര്‍പ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്രാന്‍ഡ് നാമത്തില്‍ പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ വികസിപ്പിക്കുകയും വിതരണം നിര്‍വഹിക്കുകയും ചെയ്യും. 

മധ്യവര്‍ത്തി മോട്ടോര്‍ സൈക്കിളുകള്‍ വികസിപ്പിക്കാന്‍ ഇരുകമ്പനികളും ധാരണയായിട്ടുണ്ട്. ഹാര്‍ലിയുടെ ഉന്നത മാനേജ്‌മെ്#റ് കമ്പനിയുടെ അധികച്ചെലവുകള്‍ കുറക്കാനും നഷ്ടത്തിലുള്ള കേന്ദ്രങ്ങള്‍ പൂട്ടാനും തീരുമാനിച്ചിരുന്നു. 

രാജ്യത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുടെ ചെയര്‍മാന്‍ പവന്‍ മുഞ്ചല്‍ ഹാര്‍ലി ഡേവിഡ്‌സണുമായി മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തിനും വിതരണത്തിനും കരാറായതായി നേര്‌തെ അറിയിച്ചിരുന്നു. 

ട്രയംഫ് മോട്ടോര്‍സൈക്കിളിനു പിന്നാലെ ലോകത്തിലെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ക്കുകയാണ്. യു കെയിലെ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ബജാജ് ഓട്ടോ ലിമിറ്റഡുമായി മധ്യമ മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിക്കാനും വിതരണം നിര്‍വഹിക്കാനും കരാറായിരുന്നു. 

പരിമിതമായ എണ്ണവും താങ്ങാനാവാത്ത വിലയും ഉയര്‍ന്ന ഇറക്കുമതി നികുതിയും ഇന്ത്യയില്‍ വിദേശത്തെ വന്‍കിട ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് വിജയിക്കാനുള്ള അവസരമൊരുക്കിയിരുന്നില്ല.