സൗദിയില്‍ എണ്ണ കയറ്റുമതി വരുമാനം കുറഞ്ഞു

എട്ടു മാസത്തിനിടെ സൗദി അറേബ്യയുടെ എണ്ണ കറ്റുമതി വരുമാനം 41.76 ശതമാനം തോതിൽ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ എട്ടുമാസങ്ങളില്‍ 298 ബില്യൺ റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ എട്ടു മാസത്തിനിടെ എണ്ണ കയറ്റുമതി വരുമാനം 511.75 ബില്യൺ റിയാലായിരുന്നു. ഈ വർഷം എട്ടു മാസത്തിനിടെ എണ്ണ കയറ്റുമതി വരുമാനത്തിൽ 213.69 ബില്യൺ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും മാസമായി എണ്ണ വരുമാനം മെച്ചപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റിൽ 39.62 ബില്യൺ റിയാലിന്റെ എണ്ണ കയറ്റി അയച്ചു. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണ കയറ്റുമതി വരുമാനമാണിത്. ഫെബ്രുവരിയിൽ 50.32 ബില്യൺ റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. 
എട്ടു മാസത്തിനിടെ പെട്രോളിതര കയറ്റുമതിയും കുത്തനെ കുറഞ്ഞെങ്കിലും മൂന്നു മാസമായി പെട്രോളിതര കയറ്റുമതി മേഖലയിൽ ഉണർവുണ്ട്. എട്ടു മാസത്തിനിടെ 125.2 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ എട്ടു മാസത്തിനിടെ പെട്രോൡതര കയറ്റുമതി 149.6 ബില്യൺ റിയാലായിരുന്നു. പെട്രോളിതര കയറ്റുമതി വരുമാനത്തിൽ ഈ വർഷം 16.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 
ഓഗസ്റ്റിൽ പെട്രോളിതര കയറ്റുമതി 17.76 ബില്യൺ റിയാലായി ഉയർന്നു. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പെട്രോളിതര കയറ്റുമതിയിൽ 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. 2019 ഓഗസ്റ്റിൽ പെട്രോളിതര കയറ്റുമതി 16.8 ബില്യൺ റിയാലായിരുന്നു. ഓഗസ്റ്റിൽ ഇറക്കുമതി 17.3 ശതമാനം തോതിൽ കുറഞ്ഞു. ഓഗസ്റ്റിൽ 38.99 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. 2019 ഓഗസ്റ്റിൽ ഇറക്കുമതി 47.16 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇറക്കുമതിയിൽ 8.17 ബില്യൺ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 
2020 ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഇറക്കുമതി മൂന്നര ശതമാനം തോതിൽ വർധിച്ചു. തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഇറക്കുമതിയിൽ 132 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ സൗദി അറേബ്യ 18.39 ബില്യൺ റിയാൽ വാണിജ്യ മിച്ചം നേടി. 
ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള ആകെ കയറ്റുമതി 423.27 ബില്യൺ റിയാലായി കുറഞ്ഞു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ ആകെ കയറ്റുമതി വരുമാനം 660.61 ബില്യൺ റിയാലായിരുന്നു. കൊറോണ പ്രത്യാഘാതങ്ങളുടെ ഫലമായി എണ്ണ വില കുറഞ്ഞതും ആഗോള വ്യാപാരം ഇടിഞ്ഞതുമാണ് കയറ്റുമതി വരുമാനത്തെ ബാധിച്ചത്.