ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ നീട്ടി; ഇരു രാജ്യത്തേക്കും യാത്രസര്‍വ്വീസ് തുടരും


ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഇതോടെ ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് യാത്രാ സൗകര്യം തുടരുമെന്ന് ഉറപ്പായി. എയര്‍ ബബിള്‍ കരാറില്‍ ഇന്ത്യയും ഖത്തറും ഒപ്പുവച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഇതിന്റെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. കരാര്‍ പ്രകാരം ഇന്ത്യയുടെയും ഖത്തറിന്റെയും വിമാന കമ്പനികള്‍ക്ക് ഇരുരാജ്യങ്ങളിലേക്കും സര്‍വീസ് നടത്താന്‍ സാധിക്കും.
ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് അനുവദിച്ചിട്ടില്ല. നവംബര്‍ 30 വരെ നിരോധനം നീട്ടിയിരിക്കുകയാണ്. എന്നാല്‍ എയര്‍ ബബിള്‍ കരാറിലെത്തിയ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താം. വിദേശ വിമാന കമ്പനികള്‍ക്ക് ഈ കരാര്‍ പ്രകാരം സര്‍വീസ് നടത്താന്‍ സാധിക്കില്ല. കരാറില്‍ ഒപ്പുവച്ച രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് മാത്രമേ സര്‍വീസ് സാധ്യമാകൂ. ഖത്തറിന്റെ വിഷയത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യയിലെ വിവധ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ സാധിക്കും. ഇന്ത്യന്‍ വിമാന കമ്പനികളിലേക്ക് ദോഹയിലേക്കും സര്‍വീസ് നടത്താം.