യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ പാസ്പോര്ട്ടില് പ്രാദേശിക വിലാസങ്ങള്‍ ചേര്‍ക്കാം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് ആന്‍ഡ് അറ്റസ്റ്റേഷന് കോണ്‍സല്‍ ആയ സിദ്ധാര്‍ത്ഥ കുമാര്‍ ബരേലിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ താമസസ്ഥലത്തെ പ്രാദേശിക വിലാസം പാസ്പോര്ട്ടില് ചേര്‍ക്കാന്‍ അനുവദിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ സ്ഥിരമോ സാധുവായതോ ആയ വിലാസങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യുഎഇയില്‍ വളരെക്കാലമായി താമസിക്കുന്ന നിരവധി ആളുകള്‍ക്ക് ഇന്ത്യയില്‍ സാധുവായ വിലാസമില്ലെന്നും അവര്‍ക്ക് യുഎഇയുടെ പ്രാദേശിക വിലാസം പാസ്പോര്ട്ടില് ചേര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പാസ്പോര്‍ട്ടുകളില്‍ വിലാസങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷിക്കുന്ന സമയത്ത് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ വാടക അല്ലെങ്കില്‍ സ്വന്തം ഉടമസ്ഥതയിലുള്ള വീടിന്റെ വിലാസം നല്കാന് കഴിയും. സെപ്റ്റംബര്‍ മുതല്‍ നടപ്പാക്കിയ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നയത്തിലെ മാറ്റമനുസരിച്ച് എല്ലാ ഇന്ത്യന്‍ പ്രവാസികളുടെയും പാസ്പോര്‍ട്ട് പുതുക്കുന്നതിന് പോലീസ് പരിശോധന നിര്‍ബന്ധമാണെന്നും പറയുന്നു.