എയര്‍ ഇന്ത്യക്ക് റെക്കോര്‍ഡ് ലാഭം


എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് ലാഭം. മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 412.77 കോടി രൂപയാണു ലാഭം. മുന്‍ വര്‍ഷം ഇത് 169 കോടി രൂപയായിരുന്നു.കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസത്തില്‍ (ജനുവരി മാര്‍ച്ച്) എയര്‍ ഇന്ത്യ എക്‌സ്പ്രസിനു വരുമാനത്തില്‍ 25 ശതമാനം വര്‍ധന നേടാനായെന്നും സിഇഒ കെ.ശ്യാം സുന്ദര്‍ പറഞ്ഞു.
ഇക്കൊല്ലം ജനുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ 5219 കോടി രൂപയാണ് വരുമാനം. 2005 ല്‍ ആരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മുന്‍വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 4172 കോടി രൂപയായിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും മികച്ച നേട്ടമുണ്ടാക്കാനായി. 2018-19ല്‍ 43.6 ലക്ഷം പേര്‍ യാത്ര ചെയ്തപ്പോള്‍ 2019-20ല്‍ യാത്രക്കാര്‍ 48.4 ലക്ഷം ആയി. 11ശതമാനമാണ് വര്‍ധന. ഇതില്‍ 46.6 ലക്ഷവും വിദേശ യാത്രക്കാരായിരുന്നു. ഇതോടെ ഇന്ത്യയില്‍നിന്നു വിദേശത്തേക്കും തിരിച്ചുമുള്ള യാത്രക്കാരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിഹിതം 7.1 ശതമാനമായി. മുന്‍കൊല്ലം ഇത് 6.5ശതമാനമായിരുന്നു.