കോവിഡ് കാലത്തും സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണം ഒഴുക്ക് കൂടുന്നു

റിയാദ്: കോവിഡ് കാലത്തും സൗദിയില്‍ നിന്നു വിദേശത്തേക്കുള്ള പണമൊഴുക്കില്‍ കുറവില്ല. സെപ്റ്റംബറില്‍ സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് ഒഴുകിയത് 25759 കോടി രൂപയാണ്. 1,321 കോടി റിയാല്‍ അയച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി.
2019 കൂടുതലാണ്. 2019 സെപ്റ്റംബറില്‍ വിദേശികള്‍ 1,027 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം റെമിറ്റന്‍സില്‍ 294 കോടി റിയാലിന്റെ വര്‍ധനയാണുള്ളത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ റെമിറ്റന്‍സ് 6.7 ശതമാനം തോതില്‍ വര്‍ധിച്ചു. ഓഗസ്റ്റില്‍ 1,238 കോടി റിയാലാണ് വിദേശികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്.
ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് വിദേശികള്‍ ആകെ 11,024 കോടി റിയാല്‍ (2,940 കോടി ഡോളര്‍) സ്വദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം റെമിറ്റന്‍സ് 18.5 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ 1,722 കോടി റിയാല്‍ വിദേശികള്‍ അധികം അയച്ചു. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ വിദേശികള്‍ ആകെ 9,302 കോടി റിയാല്‍ (2,480 കോടി ഡോളര്‍) ആണ് അയച്ചിരുന്നത്.
നാലു വര്‍ഷമായി വിദേശികളുടെ റെമിറ്റന്‍സ് കുറഞ്ഞുവരികയാണ്. കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് എട്ടു ശതമാനം തോതില്‍ കുറഞ്ഞ് 12,550 കോടി റിയാലിലെത്തിയിരുന്നു. 2018 ല്‍ വിദേശികള്‍ 13,640 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. നാലു കൊല്ലത്തിനിടെ കഴിഞ്ഞ വര്‍ഷമാണ് റെമിറ്റന്‍സ് ഏറ്റവും വലിയ തോതില്‍ കുറഞ്ഞത്. 2018 ല്‍ 3.7 ശതമാനം തോതിലും 2017 ല്‍ 6.7 ശതമാനം തോതിലും 2016 ല്‍ 3.2 ശതമാനം തോതിലും വിദേശികളുടെ റെമിറ്റന്‍സ് കുറഞ്ഞിരുന്നു.
സെപ്റ്റംബറില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദികള്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 11.2 ശതമാനം കുറവ് രേഖപ്പെടുത്തി. സെപ്റ്റംബറില്‍ 402 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത്. 2019 സെപ്റ്റംബറില്‍ സൗദികളുടെ റെമിറ്റന്‍സ് 453 കോടി റിയാലായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ സൗദികളുടെ റെമിറ്റന്‍സ് 15.4 ശതമാനം തോതില്‍ വര്‍ധിച്ചു. ഓഗസ്റ്റില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് 349 കോടി റിയാലാണ് സൗദികള്‍ വിദേശങ്ങളിലേക്ക് അയച്ചത്.
കോവിഡ് ശക്തമായ കാലത്ത് ഒരു മാസക്കാലം മാത്രമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ സൗദിയില്‍ വ്യാപാരം പൂര്‍വ സ്ഥിതിയിലാവുകയും കമ്പനികളും തൊഴിലിടങ്ങളും പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.