തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ കിഫ്ബി 348 കോടി രൂപ വായ്പ നല്‍കിയതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാനാണ് ഈ വായ്പ ഉപയോഗപ്പെടുത്തുക. ഇതിനുപുറമേ 400 ഡീസല്‍ ബസുകള്‍ എല്‍എന്‍ജിയിലേയ്ക്ക് രൂപമാറ്റം വരുത്തുന്നതിനുള്ള പണവും ഇതില്‍ നിന്നും ലഭ്യമാകും. ഇതുവഴി 30 ശതമാനം ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനു കഴിയും. കെഎസ്ആര്‍ടിസിയ്ക്കു കീഴില്‍ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. ഈ കമ്പനിയ്ക്കാണ് വായ്പ അനുവദിക്കുക.
ഇപ്പോള്‍ നിലവിലുള്ള ലീസിനെടുത്തിട്ടുള്ള 38 സ്കാനിയ വോള്‍വോ ബസുകളും 190 വോള്‍വോ ജെന്റം ബസുകളും പുതിയ കമ്പനിയുടെ കീഴിലായിരിക്കും ഇനി ഓടുക. ഇതിനു പുറമെ, 8 സ്ലീപ്പര്‍ ബസുകളും 24 സെമി സ്ലീപ്പര്‍ ബസുകളും വാങ്ങുന്നതിന് പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തും. 1220 ബസുകളാണ് പുതിയ സബ്സിഡിയറി കമ്പനിയിലുണ്ടാകുക. 3600 ഓളം എംപാനലുകാര്‍ക്ക് ഇവിടെ ജോലി നല്‍കുന്നതിന് ഇപ്പോള്‍ കഴിയും. കിഫ്ബി തിരിച്ചടവ് കഴിഞ്ഞ് ലാഭം വരുന്ന തുക കെഎസ്ആര്‍ടിസിയിലേയ്ക്ക് നല്‍കും.
ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുകയാണെങ്കില്‍ രണ്ടാംഘട്ട വായ്പ കൂടി നല്കുന്ന കാര്യം കിഫ്ബി പരിഗണിക്കും. 600 ബസുകള്‍ വാങ്ങാന്‍ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ടാം ഗഡു സഹായവും കൂടി ലഭിക്കുമ്പോള്‍ 3 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളും സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിസിറ്റി എന്നിവയിലേയ്ക്ക് മാറും. ഇന്ധനച്ചെലവില്‍ ഇപ്പോഴുള്ള തുകയില്‍ നിന്ന് 40 – 50 ശതമാനം കുറവു വരുത്താനാകും.