പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള പണമയക്കല്‍ കുറയും: ലോകബാങ്ക്


വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിലാണിത്. 2020ല്‍ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളര്‍ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കുന്നു.
എങ്കിലും വിദേശത്തുനിന്നുള്ള പണംവരവില്‍ ഇന്ത്യ തന്നെയായിരിക്കും മുന്നില്‍. ചൈന, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നിവ തുടര്‍ന്നുള്ള നാലു സ്ഥാനങ്ങളില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തവര്‍ഷം ആഗോളതലത്തില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായിരിക്കും. 2021ല്‍ കോവിഡിനു മുമ്പുള്ള നിലവാരവുമായി നോക്കുമ്പോള്‍ വിദേശത്തുനിന്നുള്ള പണമൊഴുക്കില്‍ 14 ശതമാനം വരെ കുറവുണ്ടാകും. ലോകബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.