റിലയന്‍സിനെതിരെ ആമസോണ്‍ സെബിയില്‍


ഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആമസോണ്‍ സെബിക്ക് പരാതി നല്‍കി. 2019ലെ കരാര്‍ ലംഘിച്ചാണ് റിലയന്‍സ് റീട്ടെയിലുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് 34 ലക്ഷം ഡോളറിന്റെ കരാറിലേര്‍പ്പെട്ടതെന്ന് ആമസോണ്‍ ആരോപിക്കുന്നു.
ഫ്യൂച്ചര്‍ ഗ്രൂപ്പ് രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അജയ് ത്യാഗിക്കാണ് ആമസോണ്‍ പരാതി നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കരാറിന് അംഗീകാരം നല്‍കരുതെന്നുമാണ് ആമസോണിന്റെ ആവശ്യം. ഇതോടെ റിലയന്‍സുമായി അമസോണ്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇറങ്ങിയിരിക്കുകയാണ്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത നടപടി സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്.