വോഡ-ഐഡിയ നിരക്ക് ഉയര്‍ത്തും


നിലവിലെ വോയ്‌സ്, ഡാറ്റാ സേവനങ്ങളുടെ നിരക്ക് ഉയര്‍ത്താന്‍ തയ്യാറായി വോഡഫോണ്‍-ഐഡിയ. നിരക്ക് ആദ്യം വര്‍ദ്ധിപ്പിക്കുക ഈ കമ്പനിയായിരിക്കുമെന്നാണ് സൂചന. നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞു മാറില്ലെന്നും മറ്റുള്ളവര്‍ ഇത് പിന്തുടരുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് (സിഇഒ) രവീന്ദര്‍ തക്കര്‍ പറയുന്നു.
വോയ്‌സ്, ഡാറ്റാ സേവനങ്ങള്‍ക്കുള്ള നിലവിലെ നിരക്കില്‍ ഈ വ്യവസായത്തിന് തുടരാനാവില്ലെന്ന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് സിഇഒ ഗോപാല്‍ വിറ്റാല്‍ ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, എയര്‍ടെല്ലോ വോഡഫോണോ താരിഫ് വര്‍ദ്ധനവ് എന്ന് മുതല്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിരക്ക് അവസാനമായി ഉയര്‍ത്തിയത് 2019 ഡിസംബറിലാണ്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വോയ്‌സ്, ഡാറ്റാ സേവനങ്ങള്‍ക്ക് അടിസ്ഥാന നിരക്ക് നിശ്ചയിക്കാന്‍ ശ്രമിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ മേധാവി പറഞ്ഞു. ഇത് ചര്‍ച്ച ചെയ്യുന്നതിനായി ട്രായ് അടുത്തിടെ വോഡഫോണ്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.