മലയാളത്തിന്റെ പ്രിയങ്ക ന്യൂസിലാന്‍ഡ് മന്ത്രി

ന്യൂസീലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡില്‍ മന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതലയുമുണ്ട്.
കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. വെല്ലിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം പ്രിയങ്ക നേടിയിട്ടുണ്ട്.