അംബാനിയുടെ ആസ്തിയില്‍ ഇടിവ്; ആറാം സ്ഥാനത്തുനിന്ന് ഒമ്പതിലേക്ക്

മുകേഷ് അംബാനി ഫോബ്‌സിന്റെ കോടീശ്വര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. റിലയന്‍സിന്റെ ഓഹരി വിലയില്‍ ഒമ്പതുശതമാനത്തോളം ഇടിവുണ്ടായതാണ് കാരണം. കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയില്‍ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. ഫോബ്‌സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 71.5 ബില്യണ്‍ ഡോളറായി. ബിഎസ്ഇയില്‍ ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലായി. കമ്പനിയുടെ വിപണിമൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയാണ് കുറഞ്ഞത്. ജൂലായ്‌സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്.
ഇലോണ്‍ മസ്‌കാണ് ഫോബ്‌സിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 76.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫെറ്റ് ആണ് ആറാം സ്ഥാനത്ത്.