ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദിയും യുഎഇയും

സൗദി അറേബ്യയും യുഎഇയും ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവ നിക്ഷേപത്തിന് ധാരണയിലെത്തി എന്നാണറിയുന്നത്. റിലയന്‍സിന് കീഴിലുള്ള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് അസറ്റിലാണ് നിക്ഷേപിക്കുക. 100 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സാധ്യത. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ചര്‍ച്ചകളുടെ ഫലമായിട്ടാണ് നിക്ഷേപം സാധ്യമാകുന്നത്.
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ഫൈബര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ട്രസ്റ്റിന്റെ (ഡിഎഫ്‌ഐടി) 51 ശതമാനം ഓഹരി വാങ്ങാനാണ് ആലോചന എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 49 ശതമാനം ഓഹരി റിലയന്‍സിന്റെ വിവിധ സ്ഥാപനങ്ങളുടെ കൈവശമാകും. വിദേശ നിക്ഷേപം വഴി 39700 കോടി രൂപയുടെ വര്‍ധനവാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഡിഎഫ്‌ഐടി 25000 കോടി രൂപ വായ്പ വഴിയും സ്വരൂപിക്കാന്‍ ശ്രമിക്കുന്നുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, യൂണിയന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയില്‍ നിന്നാണ് ഇത്രയും തുക കണ്ടെത്തുക.