ജീവനക്കാരുടെ ജോലി രീതി പരിഷ്ക്കരിച്ച് ടാറ്റ സ്റ്റീല്‍. പുതിയ തീരുമാന പ്രകാരം ടാറ്റ സ്റ്റീല്‍ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് തന്നെ ജോലി ചെയ്യാം. ഞായറാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ടാറ്റ സ്റ്റീല്‍ പ്രസ്താവനയില്‍ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ടാറ്റ പുതിയ ജോലി രീതി അവതരിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് നിലവില്‍ ജീവനക്കാര്‍ക്ക് ടാറ്റ ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി അവസാനിച്ചതിന് ശേഷവും കമ്പനിയിലെ ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുളള സ്ഥലം തിരഞ്ഞെടുക്കാം. രാജ്യത്തിന്റെ ഏത് ഭാഗത്തും ജോലി ചെയ്യാന്‍ തിരഞ്ഞെടുക്കാന്‍ ഇത് വഴി ജീവനക്കാര്‍ക്ക് സാധിക്കും. വരും തലമുറയ്ക്ക് അനുയോജ്യമായ തരത്തിലുളള ഒരു തൊഴില്‍ സംസ്ക്കാരം വികസിപ്പിച്ചെടുക്കുക മാത്രമല്ല, വിവിധ പ്രദേശങ്ങളിലുളള കമ്പനിയുടെ ജീവനക്കാരുടെ ആവശ്യങ്ങളെ പരിഗണിക്കുക കൂടിയാണ് ടാറ്റ ചെയ്യുന്നതെന്ന് ടാറ്റ സ്റ്റീല്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് വൈസ് പ്രസിഡണ്ടായ സുരേഷ് ദത്ത് ത്രിപാഠി വ്യക്തമാക്കി.