മലയാളി സ്റ്റാര്‍ട്ടപ്പ് ‘ഫീഡോ’യ്ക്ക് 7.5 കോടിയുടെ വിദേശനിക്ഷേപം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇന്‍ഷുറന്‍സ് പോളിസി ഉടമകളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പിന് കോടികളുടെ നിക്ഷേപം. കോട്ടയം സ്വദേശി പ്രശാന്ത് മാടവനയുടെ നേതൃത്വത്തിലുള്ള ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പായ ‘ഫീഡോ’ ആണ് 7.50 കോടി രൂപയുടെ മൂലധന നിക്ഷേപം നേടിയത്. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ യൂണീകോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫീഡോയുടെ ഉല്‍പ്പന്നം പോളിസി ഉടമയുടെ ഫോട്ടോയില്‍ നിന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണെന്ന വ്യത്യസ്തതയാണ് ഫണ്ടിംഗില്‍ നേട്ടമായത്.