യാത്രക്കാരില്ല; ആഴ്ചയില്‍ മൂന്നു ദിവസം നിരക്ക് കുറച്ച് കെ.എസ്.ആര്‍.ടി.സി

ആഴ്ചയില്‍ മൂന്നുദിവസം ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി കെഎസ്ആര്‍ടിസി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് എന്നീ സര്‍വീസുകളിലെ നിരക്കുകളിലാണ് 25 ശതമാനം ഇളവ് അനുവദിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാലാണ് ദീര്‍ഘദൂര സര്‍വീസുകളില്‍ ഇളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. സര്‍വീസുകള്‍ ഏതാണ്ട് എല്ലാം പഴയ രീതിയില്‍ ആരംഭിച്ചിട്ടുമുണ്ട്. യാത്രക്കാരെ കൂടുതല്‍ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ടിക്കറ്റില്‍ ഇളവ് വരുത്താന്‍ കെഎസ്ആര്‍ടിസി തയ്യാറായത്. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡാണ് ഇളവിന് അനുമതി നല്‍കിയത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആദ്യം പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ചൊവ്വാഴ്ച അവധി ദിവസമാണെങ്കില്‍ ബുധനാഴ്ച ഈ ഇളവ് ഉണ്ടായിരിക്കില്ല.

ബുധനാഴ്ച പൊതു അവധി ദിവസമാണെങ്കില്‍ വ്യാഴാഴ്ചയും ഈ സൗകര്യമുണ്ടായിരിക്കില്ല. അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലും ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുമെന്ന് സിഎംഡി ഉത്തരവില്‍ വ്യക്തമാക്കുന്നു. ടിക്കറ്റ് നിരക്കില്‍ ഇളവ് വരുന്നതോടെ കൊവിഡ് കാലത്തുണ്ടായ വര്‍ധന ഇല്ലാതാവും.