ന്യൂഡല്‍ഹി: 2021 ഫെബ്രുവരി 24 വരെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് കോവിഡിനു മുന്‍പുണ്ടായിരുന്ന അവരുടെ ആഭ്യന്തര പാസഞ്ചര്‍ വിമാന സര്‍വീസുകളുടെ പരമാവധി 60 ശതമാനം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂവെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം.
60 ശതമാനമാണ് സര്‍വീസുകളുടെ പരിധിയെന്ന് സെപ്റ്റംബര്‍ രണ്ടിന്റെ ഔദ്യോഗിക ഉത്തരവില്‍ സിവില്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളെ അറിയിച്ചിരുന്നു. എന്നാല്‍ എത്രകാലത്തേക്കാണ് ഈ പരിധി തുടരുക എന്ന് വ്യക്തമാക്കിയിരുന്നില്ല.
ഇക്കാര്യത്തില്‍ ഒക്ടോബര്‍ 29 ന് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ”കോവിഡ് -19 ന്റെ നിലവിലുള്ള സാഹചര്യം” കാരണം സെപ്റ്റംബര്‍ 2 ലെ ഉത്തരവ് ‘2021 ഫെബ്രുവരി 24 ന് രാത്രി 11.59 വരെയോ അല്ലെങ്കില്‍ പുതിയ ഉത്തരവുകള്‍ വരുന്നത് വരെയോ പ്രാബല്യത്തില്‍ തുടരും,” എന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
കോവിഡിന് മുമ്പുള്ള ആഭ്യന്തര വിമാന സര്‍വീസുകളുടെ പരമാവധി 45 ശതമാനം സര്‍വീസ് നടത്താന്‍ ജൂണ്‍ 26 ന് മന്ത്രാലയം വിമാനക്കമ്പനികളെ അനുവദിച്ചിരുന്നു.
കോവിഡിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രണ്ട് മാസം വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം മെയ് 25 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു. കോവിഡിന് മുമ്പുള്ള സര്‍വീസുകളുടെ 33 ശതമാനത്തില്‍ കുറവ് സര്‍വീസുകള്‍ക്കായിരുന്നു അന്ന് അനുമതി.
പിന്നീട് ഇത് ജൂണ്‍ 26ന് 45 ശതമാനമായി വര്‍ധിപ്പിച്ചു. ജൂണ്‍ 26 ലെ മുന്‍ ഉത്തരവ് പരിഷ്കരിച്ച് മന്ത്രാലയം സെപ്റ്റംബര്‍ രണ്ടിന് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 45 ശതമാനം ശേഷി 60 ശതമാനം ശേഷിയായി വര്‍ധിപ്പിക്കാം എന്ന് ഉത്തരവില്‍ പറയുന്നു.
കോവിഡ് പകര്‍ച്ചവ്യാധി കാരണം മാര്‍ച്ച് 23 മുതല്‍ രാജ്യത്തെ ഷെഡ്യൂള്‍ അനുസരിച്ചിട്ടുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച ഉഭയകക്ഷി എയര്‍ ബബിള്‍ കരാറുകള്‍ പ്രകാരവും പ്രത്യേക അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടക്കുന്നു.