ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ(എച്ച്പിസിഎല്‍) അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,052.3 കോടിയായിരുന്ന അറ്റാദായം 2020 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2,477.4 കോടിയായി.
അതേ സമയം കമ്പനിയുടെ വരുമാനം 14.9 ശതമാനം ഇടിഞ്ഞ് 51,773.3 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം ചെലവ് ഈ പാദത്തില്‍ 59,127.31 കോടിയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 65,237.24 കോടി രൂപയായിരുന്നു.
2500 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങല്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 250 രൂപ നിരക്കില്‍ പത്തു കോടി ഓഹരികള്‍(6.56 ശതമാനം ഇക്വിറ്റി ഓഹരികള്‍) തിരിച്ചു വാങ്ങാനുള്ള അനുമതിയാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. എച്ച്പിസിഎല്ലിന്റെ 77.88 കോടി ഓഹരികള്‍ പൊതുമേഖലയിലെ ഒഎന്‍ജിസിയുടെ കൈവശമാണ്. പിന്നെ കൂടുതല്‍ ഓഹരികള്‍ മ്യൂച്വല്‍ഫണ്ടുകളുടെ കൈവശമാണുള്ളത്.