രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 4574 കോടി രൂപ അറ്റലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ അറ്റലാഭം 3011 കോടി രൂപയായിരുന്നു. 51.9 ശതമാനം വര്‍ധന.
അറ്റ നിഷ്ക്രിയാസ്തിയിലും വന്‍ കുറവ് വരുത്താന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. 1.59 ശതമാനമാണ് അറ്റ എന്‍ പി എ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.79 ശതമാനമായിരുന്നു.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 15 ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ മൊത്തം നിക്ഷേപം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 14.41 ശതമാനമാണ് വര്‍ധിച്ചത്. സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് 16.28 ശതമാനം കൂടി.
ബാങ്കിന്റെ വായ്പാ വളര്‍ച്ച 6.02 ശതമാനമാണ്. റീറ്റെയ്ല്‍ വായ്പാ രംഗത്തുള്ള വളര്‍ച്ചയാണ് ഈ രംഗത്തെ മികച്ച പ്രകടനത്തിന് ബാങ്കിനെ സഹായിച്ചിരിക്കുന്നത്. ഭവന വായ്പ രംഗത്ത് വാര്‍ഷികാടിസ്ഥാനത്തില്‍ 10.34 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.