മാക്ട വിമണ്‍ ചലച്ചിത്ര മേള ഇന്ന് തുടങ്ങും;സിനിമ കാണാന്‍ രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: മലയാള സിനിമയിലെ സാംസ്‌കാരിക സംഘടനയായ മാക്ടയുടെ അവിമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ന് തുടങ്ങും. നവംബര്‍ 8 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. ഡെലീഗേറ്റ് ഫീസ് 100രൂപ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയുള്ള മേളയില്‍ പങ്കെടുക്കാനും ഡെലീഗേറ്റ് രജിസ്‌ട്രേഷനുമായി www.4linecinema.com/mwiff എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ലോകമെങ്ങുമുള്ള വനിതാ ചലച്ചിത്ര സംവിധായകരുടെ 18 ചിത്രങ്ങള്‍ ആണ് മൂന്നു ദിവസമായി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ടര്‍ക്കിഷ് ഭാഷയില്‍ നിന്നുള്ള ബ്ലീച്, ടോപ്പാങ്ക, വിമന്‍സ് കണ്‍ട്രി, ദി ഹൈവ്, ഹ്ഷ്, ബോര്‍ക്, നോട്ട് നോയിങ് എന്നീ ചിത്രങ്ങള്‍ ആണ് മേളയിലുള്ളത്.
ഇന്ത്യന്‍ വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍. നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള മഞ്ജു ബോറയുടെ ഇന്‍ ദി ലാന്‍ഡ് ഓഫ് പോയ്‌സണ്‍ വിമണ്‍, അരുണചല്‍പ്രദേശിലെ ഗോത്ര ഭാഷയിലെ മിഷിങ്,
മലയാള ചിത്രം തടിയനും മുടിയനും, ബംഗാളി ചിത്രം നിര്‍ബഷിതോ കൂടാതെ അമേരിക്ക, പോളണ്ട്, കൊസാവോ, കുര്‍ഡിസ്ഥാന്‍, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളും മേള യിലുണ്ട്. നവംബര്‍ 6ന് വൈകുന്നേരം 5ന് കെ. പി. എ. സി ലളിത, മേള ഉദ്ഘാടനം ചെയ്യും.