ആരോഗ്യമന്ത്രാലയത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ പോര്‍ട്ടല്‍; തട്ടിയെടുത്തത് 1.09 കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ വെബ്‌സൈറ്റുണ്ടാക്കി തട്ടിപ്പ്. 27000 ത്തോളം ആളുകളെ കബളിപ്പിച്ച് ഒരു മാസത്തിനിടെ തട്ടിയെടുത്തത് 1.09 കോടി രൂപ. സംഭവത്തില്‍ അഞ്ചു പേരെ പിടികൂടിയതായി ഡല്‍ഹി പോലീസ് പറഞ്ഞു. വ്യാജ വെബ്‌സൈറ്റുകളിലൂടെ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തിലാണ് പണം തട്ടിയെടുത്തത്.
സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്തുന്ന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് തട്ടിപ്പെന്നാണ് കണ്ടെത്തല്‍. ഇതിലൂടെ ലഭിക്കുന്ന തൊഴില്‍ അന്വേഷകരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അക്കൗണ്ടന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, നഴ്‌സ്, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള 13,000 ത്തോളം ഒഴിവുകളിലേക്കുള്ള അപേക്ഷയിലാണ് ഫീസ് ഈടാക്കിയത്. ഈ സൈറ്റുകളുടെ ലിങ്കുകള്‍ ചേര്‍ത്ത് 15 ലക്ഷത്തോളം പേര്‍ക്ക് സംഘം എസ്.എം.എസുകള്‍ അയച്ചിരുന്നതായും ഡല്‍ഹി പോലീസ് പറഞ്ഞു. യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വ്യാജ വെബ്‌സൈറ്റുകളുടെ രൂപകല്‍പന.
500 രൂപ രജിസ്‌ട്രേഷന്‍ ഫീസായി അടച്ച ഒരു തൊഴില്‍ അന്വേഷകന്‍ തുടര്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പോലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നത്. 100 മുതല്‍ 500 രൂപവരെയാണ് സംഘം രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങിയിരുന്നത്.
ഹരിയാണയിലെ ഹിസാര്‍ ജില്ലയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ആളുകള്‍ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കുന്ന തുക എത്തിയിരുന്നത്. അതാത് ദിവസം വന്ന് ചേരുന്ന പണം അന്നു തന്നെ പിന്‍വലിക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ ഒരു എ.ടി.എം കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായതെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നു.