ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; കയറ്റുമതി കുതിച്ചു

കൊച്ചി: ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഇപ്പോള്‍ വിദേശങ്ങളില്‍ വലിയ ഡിമാന്‍ഡാണ്. പ്രത്യേകിച്ചും കോവിഡ് കാലത്ത്. ഇവ രോഗപ്രതിരോധശക്തി കൂട്ടുമെന്നതാണ് കാരണം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ – ഓഗസ്റ്റ് കാലയളവില്‍ 15 ശതമാനം കയറ്റുമതി ഉയര്‍ന്നു.
വറ്റല്‍മുളക്, ജീരകം,മഞ്ഞള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വര്‍ധനയാണ് മൊത്തം കയറ്റുമതിയില്‍ പ്രതിഫലിച്ചതെന്ന് സ്‌പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രില്‍ മുതലുള്ള അഞ്ച് മാസക്കാലയളവില്‍ രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടണ്‍ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്.
കയറ്റുമതി മൂല്യത്തിലും വരുമാനത്തിലും മുന്നിട്ടുനില്‍ക്കുന്നത് വറ്റല്‍മുളകാണ്. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ളത് ജീരകമാണ്. അളവിലും മൂല്യത്തിലും ഏറ്റവും വര്‍ധന രേഖപ്പെടുത്തിയ സുഗന്ധവ്യഞ്ജനം ഏലക്കയാണ്. അളവില്‍ 225 ശതമാനവും മൂല്യത്തില്‍ 298 ശതമാനവുമാണ് ഏലക്കയുടെ കയറ്റുമതി വളര്‍ച്ച. ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, ബീജവ്യഞ്ജനങ്ങളായ കടുക്, അനിസീഡ്, ദില്‍ സീഡ് എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയുണ്ടായി.
ഇന്ത്യയില്‍നിന്നുള്ള ചുക്കിന്റെ കയറ്റുമതി ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 107 ശതമാനം ഉയര്‍ന്ന് 19,700 ടണ്‍ ആയി. മഞ്ഞളിന്റെ കയറ്റുമതി 704.10 കോടി രൂപ വിലമതിക്കുന്ന 79,000 ടണ്‍ ആണ്.